എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം വച്ചാണ് സർക്കാർ പുതിയ കായിക നയം രൂപപ്പെടുത്തിയതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആര്യനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ഡോ: എപിജെ അബ്ദുൽ കലാം സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും സ്പോർട്സ് എന്ന ലക്ഷ്യം കൈവരിക്കാൻ ഏറ്റവും ഫലപ്രദം വികേന്ദ്രീകരണമാണ്.
പഞ്ചായത്തുകൾക്കാണ് ഇതിൽ ഏറ്റവും പ്രാധാന്യം. കായിക സാക്ഷരത, കമ്മ്യൂണിറ്റി സ്പോർട്സ് എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം ഉണ്ടാകണമെന്ന നിർബന്ധം സർക്കാരിനുണ്ട്. ഇതുവഴി സ്വന്തമായി കളിക്കളം ഇല്ലാത്ത 450 പഞ്ചായത്തുകളിൽ ഒരു കോടി രൂപ വീതം ചെലവിൽ പുതുതായി കളിക്കളങ്ങൾ നിർമ്മിക്കുകയാണ്. ഒന്നാം ഘട്ടമായി 124 ഇടങ്ങളിൽ അനുമതി നൽകി കഴിഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മൈക്രോ സ്പോർട്സ് സമ്മിറ്റുകൾ നടത്തിയിരുന്നു. 650 തദ്ദേശസ്ഥാപന സ്പോർട്സ് കൗൺസിലുകൾ ഈ സമ്മിറ്റുകൾ പൂർത്തിയാക്കി. പ്രാദേശിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യുവാക്കളെയും വനിതകളെയും കായിക രംഗത്തേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തും ഗുണകരമാകുന്ന തരത്തിൽ ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കി വിപുലമായ രീതിയിലാണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. ഇൻഡോർ സ്റ്റേഡിയത്തിന് ഒരു കോടിയും ഔട്ട്ഡോർ സ്റ്റേഡിയത്തിന് 25 ലക്ഷവുമാണ് നിർമ്മാണ ചെലവ്. മാലിന്യമുക്ത – വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി കുന്നത്തുകാലിനെ ചടങ്ങിൽ പ്രഖ്യാപിച്ചു. പഞ്ചായത്തിൻ്റെ 2023 – 24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അംഗീകൃത ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണവും ചടങ്ങിൽ നടന്നു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വോളിബോൾ, ബാഡ്മിൻ്റൺ പ്രദർശന മത്സരങ്ങളും അരങ്ങേറി. ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.