കല്ലമ്പലം : കല്ലമ്പലത്ത് ഷെവർലെ കാറിൽ കടത്തുകയായിരുന്ന 70 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട് സ്വദേശി ശങ്കറിനെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം കല്ലമ്പലം കടുവയിൽ പള്ളിക്ക് സമീപം നാവായിക്കുളം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അതിർത്തി കടന്നു കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധന കണ്ട് വാഹനം വെട്ടിത്തിരിച്ച് പോകാൻ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം വാഹനം പരിശോധിച്ചതിൽ നിന്നാണ് 36 പൊതികളിലായി സൂക്ഷിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഷവർലെ കാറിൽ വക്കീലിന്റെ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. കാറിൽ ശങ്കറിനൊപ്പം ഉണ്ടായിരുന്ന ആന്ധ്രാ സ്വദേശി ഇറങ്ങി ഓടി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്.