അവനവഞ്ചേരി: ഇന്നും തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രമായി അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയിൽ കടവിൽ പാലം. പതിറ്റാണ്ടുകളായി ഈ പാലത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. തിരഞ്ഞെടുപ്പു കാലത്ത് നാട്ടുകാർ പാലത്തിനു വേണ്ടി കേഴുമ്പോൾ ജയിച്ചാൽ പാലം വരുമെന്ന് പറഞ്ഞ ജനപ്രതിനിധികൾ ജയിച്ചിട്ടും പാലം വന്നില്ലെന്ന് ജനങ്ങൾ പറയുന്നു. വഞ്ചിയൂർ, കട്ടപ്പറമ്പ് പ്രദേശത്തുകാർക്ക് ആറ്റിങ്ങലിലെത്താൻ ഏറെ എളുപ്പമാണ് അവനവഞ്ചേരി മുള്ളിയിൽ കടവിലെ കടത്ത്. എന്നാൽ ഇവിടെ യഥാസമയം കടത്തു വള്ളം പ്രവർത്തിക്കാത്തതിനാൽ നാട്ടുകാർ എറെ വലയുകയാണ്.ഈ പ്രദേശത്തുനിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേയ്ക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേയ്ക്കും പഠനത്തിനായി പോകുന്നത്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കട്ടപ്പറമ്പുകാർക്ക് ആറ്റിങ്ങലിൽ എത്തിയേ തീരൂ. അവനവഞ്ചേരി മാർക്കറ്റാണ് ഈ പ്രദേശത്തുകാരുടെ സാധന കൈമാറ്റത്തിന്റെയും വാങ്ങലിന്റെയും ഇടം. ഇതിനും ഇവർ ആശ്രയിക്കുന്നത് മുള്ളിയിൽ കടവിലെ കടത്താണ്.
പുതിയ സംസ്ഥാന ബഡ്ജറ്റിലെങ്കിലും മുള്ളിയിൽ കടവ് പാലത്തിന് തുക അനുവദിക്കുമെന്നാണ് നാട്ടുകാർ പ്രതീകിഷിക്കുന്നത്.
.