വർക്കല : പാപനാശം കുന്നുകളെ സംരക്ഷിക്കണമെന്ന് ആവശ്യം. യുനെസ്കോയുടെ സഹായത്തോടെ പാപനാശം കുന്നുകളെ ഇന്ത്യയിലെ ആദ്യത്തെ ഭൗമോദ്യാനം (ജിയോപാർക്ക്) ആക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഈ അവസ്ഥ. കുറച്ചുനാൾ മുമ്പ് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പുറത്തിറക്കിയ ജിയോ ടൂറിസം എന്ന പുസ്തകത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് പാപനാശത്തെ കുന്നുകളെയും സമീപ പ്രദേശങ്ങളെയും വിവരിച്ചിട്ടുള്ളത്. എന്നാൽ കുന്നിന്റെ ഭാഗത്ത് ഹെലിപ്പാഡിന് കുറച്ചുസ്ഥലത്ത് നഗരസഭ സുരക്ഷാവേലി സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. പാപനാശം കുന്നിലുള്ള നടപ്പാത പലയിടങ്ങളിലും തകർന്ന നിലയിലാണ്. പാപനാശം കുന്നുകൾ ശാസ്ത്രീയമായ രീതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചോ മറ്റ് പ്രകൃതിദത്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയോ സംരക്ഷിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.