പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൊൻമുടി കല്ലാർ റോഡരികിലാണ് വേരുകൾ പുറന്തള്ളി ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിൽ അനവധി മരങ്ങൾ നിൽക്കുന്നത്.
മഴ കനത്തതോടെ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും റോഡിലേക്ക് വീഴുകയാണ്. ഇതോടെ ഗതാഗതം തടസപ്പെടും. മാത്രമല്ല മരങ്ങൾ വൈദ്യുതിലൈനിൽ പതിച്ച് ലൈൻ പൊട്ടിവീഴുകയും പോസ്റ്റുകൾ നിലം പൊത്തുകയും ചെയ്യുന്നുണ്ട്
കഴിഞ്ഞദിവസം കല്ലാറിൽ റോഡരികിൽ നിന്ന മരം കടപുഴകി റോഡിലേക്ക് പതിക്കുകയും പൊൻമുടി വിതുര റൂട്ടിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലയ്ക്കുകയും ചെയ്തു. രണ്ട് ദിവസം മുൻപും മരം വീണ് ഗതാഗതം മുടങ്ങിയിരുന്നു. നേരത്തെ വിനോദസഞ്ചാരാർത്ഥം പൊൻമുടി സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ കാറിന് മുകളിലും മരം കടപുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവവുമുണ്ടായി.