നാവായിക്കുളം ഇ.എസ്.ഐ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാറുമായി അടൂർ പ്രകാശ് എംപി നടത്തിയ കൂടികാഴ്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാൻ ഇ. എസ്.ഐ ഡയറക്ടർ ജനറലിന് അടൂർ പ്രകാശ് അവിടെ ഉള്ളപ്പോൾ തന്നെ മന്ത്രി നിർദ്ദേശം നൽകി. പിന്നീട് ഇക്കാര്യത്തിൽ ഇ. എസ്. ഐ ഡയറക്ടർ ജനറലിനെ കണ്ടപ്പോൾ കെട്ടിട നിർമാണം വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹവും ഉറപ്പ് നൽകി.
1970-ൽ പ്രവർത്തനം തുടങ്ങിയ ഡിസ്‌പെൻസറി ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്രയമാണ്. പ്രവർത്തനം തുടങ്ങിയ അന്നുമുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയിൽ ആവശ്യത്തിന് സ്റ്റാഫോ സൗകര്യങ്ങളോ ഇല്ല.
2012- ഏപ്രിൽ മാസം തറക്കല്ലിട്ട നാവായിക്കുളം ഇ. എസ്. ഐ ഡിസ്പെന്സറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം മുടങ്ങി കിടക്കുകയാണ്.കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർക്കുന്ന ഇവിടുത്തെ 5 പഞ്ചായത്തുകളിലെ ആളുകൾക്ക് പ്രയോജനപ്പെടുന്നതിന് കെട്ടിട നിർമാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നത് നാട്ടുകാരുടെ ദീർഘനാളുകളായുള്ള ആവശ്യമാണെന്ന കാര്യം ഇരുവരുടെയും ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് അടിയന്തിരമായി നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്.