മുതലപ്പൊഴി ഹാർബർ അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെടുന്ന മണൽതിട്ട നീക്കം ചെയ്യാത്തതിൽ മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം. അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ടയിടത്ത് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചാണ് മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചത്. മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും മണൽ തിട്ട നീക്കം ചെയ്യുന്നതിൽ സർക്കാറും ഹാർബർ എഞ്ചിനീയിറിംഗ് വകുപ്പും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.
അഴിമുഖത്ത് വൻ തോതിൽ മണൽ അടിഞ്ഞ് കൂടിയ സ്ഥിതിയാണ്. അഴിമുഖത്തിൻ്റെ തെക്കേ പുലിമുട്ട് ഭാഗത്ത് തോടിനു സമാനമായ ഭാഗത്ത് കൂടിയാണ് മത്സ്യ തൊഴിലാളികൾ കടലിലേക്ക് വള്ളമിറക്കുന്നതും കയറ്റുന്നതും . ഈ സ്ഥിതി തുടർന്നാൽ വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ തൊഴിലാളികളുടെ വയറ്റത്തടിച്ചു കൊണ്ട് പൊഴിമുഖം അടയുമെന്നും ഇതിനെതിരെ മുസ്‌ലിം ലീഗ് ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് പൊഴിമുഖത്ത് പ്രതീകാത്മക ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
ഡ്രഡ്ജ്ജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുകയെന്ന ആവശ്യം മുൻനിർത്തി സമരം ശക്തമാക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്.മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ടി.യു തൊഴിലാളികളാണ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തത്. മുസ്ലിം ലീഗ് ജില്ലാ സമിതി അംഗവും എസ്.ടി.യു ജില്ലാ പ്രസിഡൻ്റുമായ മംഗലപുരം ഷാജി ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡൻ്റ് ഷാഫി പെരുമാതുറ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, എസ് ടി യു മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സജീബ് പുതുക്കുറിച്ചി,സുനിൽ മൗലവി, ഹസൈനാർ മുസ്‌ലിയാർ, ജസീം പുതുക്കുറിച്ചി, ഖലിമുള്ള’ അരിഫ്, തുടങ്ങിയവർ പങ്കെടുത്തു