ആര്യനാട് : കാത്തിരിപ്പിന് വിരാമമിട്ട് ആര്യനാട് വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസിനു പുതിയ കെട്ടിടമാകുന്നു.48 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന പുതിയ സെക്ഷൻ ഓഫീസ് മന്ദിരം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ അറിയിച്ചു. ഭൂരിപക്ഷം ജോലികളും പൂർത്തിയാക്കി. ഇലക്ട്രിക്കൽ ജോലികളും പെയിന്റിങ്ങും അടക്കമുള്ള അവസാന വട്ട ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. പുതിയ മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ. എസ്.ശബരീനാഥൻ എംഎൽഎ ഇന്നലെ എത്തി.പുതിയ മന്ദിരം സന്ദർശിച്ച ശേഷം വേഗത്തിൽ പണി പൂർത്തിയാക്കാനുള്ള നിർദേശം ബന്ധപ്പെട്ട അധികൃതർക്ക് നൽകി.
ആര്യനാട് മേലേചിറയിൽ പഞ്ചായത്ത് നൽകിയ 10 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം പൂർത്തിയാകുന്നത്. ആറു പഞ്ചായത്തുകൾക്ക് പ്രയോജനകരമാകുന്ന ആര്യനാട് ഓഫീസിന്റെ പരിധിയിൽ ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, വിളപ്പിൽ എന്നീ പഞ്ചായത്തുകളിലെ 11000 ഓളം വാട്ടർ കണക്ഷൻ ഉണ്ട്.
ജി. കാർത്തികേയൻ എംഎൽഎ ആയിരിക്കെയാണ് ഇവിടെ സെക്ഷൻ ഓഫീസ് അനുവദിച്ചത്. തുടർന്ന് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഓഫീസിനാണ് ഇപ്പോൾ പുതിയ മന്ദിരം യാഥാർഥ്യമാകുന്നത്. എംഎൽഎയ്ക്കൊപ്പം ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാമില ബീഗം, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീർ, പഞ്ചായത്ത് മെമ്പർ കെ. അജിത തുടങ്ങിയവരും സന്നിഹിതരായിരുന്നു.