ആറ്റിങ്ങൽ : കർക്കടക വാവ് ബലിയോട് അനുബന്ധിച്ച് ആറ്റിങ്ങലിലെ വിവിധ ബലിക്കടവുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആറു സ്ഥലങ്ങളിലാണ് ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നത്. പൂവൻപാറ ശിവഭദ്രാദേവീ ക്ഷേത്രം, കൊല്ലമ്പുഴ ആറാട്ടുകടവ്, പരവൂർക്കോണം മൂത്തേടത്ത് ദേവീക്ഷേത്രത്തിനടുത്തെ ആറാട്ടുകടവ്, കീഴാറ്റിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്ര കടവ്, അയിലം കടവ്, ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവ് എന്നിവിടങ്ങളാണ് ബലി തർപ്പണത്തിന് ആയിരങ്ങൾ എത്തിയത്. ഇന്ന് രാവിലെ 5മണിക്ക് തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തിയെങ്കിലും വാവ് 11.58 മണി മുതലാണ് ആരംഭിക്കുന്നതെന്ന് അറിഞ്ഞവർ അതിനു ശേഷമാണ് കടവുകളിൽ എത്തിയത്. അതിനാൽ പ്രതീക്ഷകൾ തെറ്റിച്ച് ഉച്ചയ്ക്കു ശേഷവും കടവുകളിൽ വൻ തിരക്കായിരുന്നു.
പൂവൻപാറ ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് വർദ്ധിച്ചതോടെ ഇവിടെ തർപ്പണത്തനെത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസും ഫയർ ഫോഴ്സും രംഗത്തുണ്ടായിരുന്നു. ചിലയിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ബലി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. മാത്രമല്ല പലയിടങ്ങളിലും ബലിതർപ്പണം കഴിഞ്ഞ് എത്തുന്ന ഭക്തർക്ക് ലഘുഭക്ഷണവും ക്ഷേത്ര ഭാരവാഹികളും യുവജനങ്ങളും നൽകിയതും ശ്രദ്ധേയമായി.