വെഞ്ഞാറമൂട് ജീവകലകലാ സാംസ്കാരിക മണ്ഡലം നടത്തിയ 11-ാമത് സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിൽ നടന്നു.

ഗായിക പി.സുശീലദേവി, സാഹിത്യകാരി ഗിരിജാ സേതുനാഥ്, അദ്ധ്യാപിക ഡോ.സി. ഉദയകല, യോഗക്ഷേമസഭ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് മല്ലിക നമ്പൂതിരി, ഗായിക കെ.സി.രമ എന്നിവർ ഭദ്രദീപം തെളിയിച്ച് മത്സരം ഉദ്ഘാടനം ചെയ്തു.

ജീവകല പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും ജോ: സെക്രട്ടറി പി. മധു നന്ദിയും രേഖപ്പെടുത്തി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 10 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.ഒന്നാം സ്ഥാനം താളം കണ്ണൂർ കരസ്ഥമാക്കി. അരലക്ഷം രൂപ ക്യാഷ് പ്രൈസ്, മൊമന്റോ , സർട്ടിഫിക്കറ്റുകൾ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ജി. വേണുഗോപാൽ സമ്മാനിച്ചു.

രണ്ടാം സ്ഥാനം കാൽ ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റും ദർശന നെടുമങ്ങാടിന് ലഭിച്ചു.
മൂന്നാം സ്ഥാനം പതിനായിരം രൂപയും ശില്പവും സർട്ടിഫിക്കറ്റും പ്രാർഥന തിരുവാതിരകളി സംഘം കോഴിക്കോടിന് ലഭിച്ചു.



