
വെമ്പായം ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ പ്രതികരിച്ച് സ്ഥലം എംഎൽഎ ജി ആർ അനിൽ. അപകടം നടക്കുമ്പോൾ ആംബുലൻസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറഞ്ഞതെന്നും പരിക്കേറ്റവരെ കൊണ്ടുപോകാൻ ആധുനിക കാലത്ത് ഉപയോഗിക്കുന്ന ഒരു വാഹനവും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അനിൽ പറഞ്ഞു. മതിയായ സുരക്ഷാ ഉപകരണങ്ങളോ സുരക്ഷാ ജീവനക്കാരോ പാർക്കിൽ ഉണ്ടായിരുന്നില്ലെന്നും മാധ്യമപ്രവർത്തകരോട് എംഎൽഎ പ്രതികരിച്ചു.
മുൻപ് ഇത്തരത്തിൽ ഒരു സംഭവം നടന്നപ്പോൾ മാനേജരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോണിൽ ബന്ധപ്പെട്ടു എന്നല്ലാതെ മാനേജ്മെന്റ് തലപ്പത്ത് ആരാണ് എന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ലെന്നും ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി മാനേജ്മെന്റ് ആരാണ് എന്നതിനെക്കുറിച്ച് അറിയില്ല. തന്റെ ഓഫീസിനും ഇതേപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ട്. എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കാറില്ല. വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് ആളുകൾ വരുന്ന സ്ഥലമാണ്. ഇങ്ങനെ ഒരു സംഭവം ഗൗരവമേറിയതാണ്. വീഴ്ച സംഭവച്ചിട്ടുണ്ടെങ്കിൽ അവർ നടപടിക്ക് വിധേയമാകണം. ആരെയും സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് മാത്രമേ സ്ഥാപനം പ്രവർത്തിപ്പിക്കാവൂ എന്ന് ഈ സംഭവം ബോധ്യപ്പെടുത്തുകയാണെന്നും ജി ആർ അനിൽ വ്യക്തമാക്കി
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. റൈഡിന്റെ വെൽഡിങ് പൊട്ടി വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ കുട്ടികളും മുതിർന്നവരും അടക്കം പതിനഞ്ചോളം പേർ റൈഡിൽ ഉണ്ടായിരുന്നു. കുട്ടികൾ അടക്കം അഞ്ചോളം പേർക്ക് സാരമായ പരിക്കേറ്റു. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയോൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്ന ശേഷവും പാർക്കിലെ പ്രവർത്തനങ്ങൾ തുടർന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിർത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്


