
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കൂൾമേറ്റ് ഗ്രാഫിക്സ് എന്ന സ്ഥാപനം തീപിടുത്തത്തിൽ പൂർണമായും കത്തി നശിച്ചു.
ആറ്റിങ്ങൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സമയോചിതമായ ഇടപെടലിനെ തുടർന്ന് സമീപത്തെ മറ്റ് കടകളിലേക്കും അടുത്തുള്ള വീടുകളിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി.
സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റുകൾ, ബോർഡ് മേക്കിംഗ് ഉപകരണങ്ങൾ, യു.പി.എസ്., കമ്പ്യൂട്ടറുകൾ, സ്റ്റിക്കർ കട്ടിംഗ് മെഷീനുകൾ, ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റുകൾ, ഇൻവെർട്ടർ സംവിധാനങ്ങൾ എന്നിവ കത്തി നശിച്ചു. കൂടാതെ കെട്ടിടത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന മാരുതി ഈക്കോ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
ഏകദേശം ഒരു കോടി രൂപയുടെ നാശ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


