
ആറ്റിങ്ങൽ: ദേശീയപാതയിലെ തിരക്കേറിയ കച്ചേരി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ തകരാറിലായതിനെ തുടർന്ന് ഗതാഗത കുരുക്കും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും നേരിടുന്നു. സിഗ്നലിലെ എല്ലാ ലൈറ്റുകളും ഒരേസമയം തെളിഞ്ഞ നിലയിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ വാഹനങ്ങൾ ഏത് ദിശയിൽ പോകണമെന്ന് വ്യക്തതയില്ലാതെ ഗതാഗത നിയന്ത്രണം തകരാറിലായിരിക്കുകയാണ്.
ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കച്ചേരി ജംഗ്ഷനിൽ താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, സ്കൂളുകൾ, പാസ്പോർട്ട് ഓഫീസ് എന്നിവ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി വലിയ വാഹന തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ നിരവധിവാഹനങ്ങൾ കടന്നുപോകുന്ന ഈ ജംഗ്ഷൻ വഴി ആംബുലൻസുകളും ഫയർ ഫോഴ്സ് വാഹനങ്ങളും സർവീസ് നടത്തുന്നു.
ട്രാഫിക് സിഗ്നൽ പൂർണമായി പ്രവർത്തനരഹിതമായതോടെ “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന നിലയിലാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതു പലപ്പോഴും വാക്കേറ്റങ്ങൾക്കും അപകടസാധ്യത വർധിപ്പിക്കുന്ന ഗതാഗത കുരുക്കിനും കാരണമാകുന്നുവെന്ന് യാത്രക്കാർ പറയുന്നു.
അതേസമയം, കാൽനട യാത്രക്കാരും ദുരിതത്തിലാണ്. വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോധികർ എന്നിവർക്ക് റോഡ് മുറിച്ചു കടക്കാൻ ഏറെ സമയം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
ട്രാഫിക് സിഗ്നലിലെ തകരാർ അടിയന്തിരമായി പരിഹരിച്ച് ഗതാഗത സംവിധാനം പുനസ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.


