
നെടുമങ്ങാട്: റേഷൻ അരിയുമായി എത്തിയ ലോറി റേഷൻകടയുടെ മുന്നിൽ മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നെടുമങ്ങാട് മഞ്ച വെള്ളൂർക്കോണം റേഷൻകടയ്ക്ക് മുന്നിലായിരുന്നു അപകടം.
മുണ്ടേലയിലെ ഗോഡൗണിൽ നിന്ന് അരി കയറ്റി അരുവിക്കര മേഖലയിലെ വിവിധ റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വലിയ കുഴിയിൽ വാഹനം വീണതിനെ തുടർന്നാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന റേഷൻ അരിച്ചാക്കുകൾ റോഡിലേക്ക് ചിതറിവീണു. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മഞ്ച–അരുവിക്കര റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി നടക്കുന്ന പ്രവൃത്തികൾക്കിടെ റോഡ് ആവശ്യത്തിന് മണ്ണിട്ട് നികത്താത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. റോഡിലെ വലിയ കുഴികളും മോശം അവസ്ഥയും വാഹനയാത്രക്കാർക്ക് നിരന്തരം ദുരിതമുണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പിന്നീട് നാട്ടുകാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും സഹായത്തോടെ ലോറി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.


