
സെൻസസ് 2027-ന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം ജില്ല സജ്ജമായി. ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പിനുള്ള വിവരശേഖരണത്തിനായി വിപുലമായ ഉദ്യോഗസ്ഥ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
സെൻസസ് പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം ജില്ലയെ ആകെ 5,608 ഹൗസ്ലിസ്റ്റിംഗ് ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഫീൽഡ് തലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി 5,527 എന്യൂമറേറ്റർമാരെയും മേൽനോട്ടത്തിനായി 932 സൂപ്പർവൈസർമാരെയും നേരിട്ട് നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി 553 എന്യൂമറേറ്റർമാരെയും 93 സൂപ്പർവൈസർമാരെയും റിസർവ് ആയും നിലനിർത്തി. റിസർവ് ജീവനക്കാർ ഉൾപ്പെടെ 7105 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളായാണ് ഇത്തവണ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസുമാണ്. വീടുകളുടെ അവസ്ഥ, കുടുംബങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെയും വീടുകളുടെ പട്ടിക തയാറാക്കൽ ജൂലൈ 1 മുതൽ 30 വരെയുമാണ്. https://se.census.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ടത്. ചൊവ്വാഴ്ച രാവിലെ ആറു മണി മുതൽ സെൽഫ് എന്യൂമറേഷൻ പോർട്ടൽ പൊതുജനങ്ങൾക്ക് ഉപയോഗപ്പടുത്താം. ആദ്യഘട്ട വിവരശേഖരണത്തിൽ ആകെ 34 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവരങ്ങളുടെ കൃത്യത എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും നേരിട്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്തും. എന്യൂമറേറ്റർമാർ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ‘Census-2027-HLO’
എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക.
സെൻസസ് നടപടികൾ എളുപ്പമാക്കുന്നതിന് പൊതുജനങ്ങൾ സെൽഫ് എന്യൂമറേഷൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുന്നുണ്ടെന്ന് അതത് ഓഫീസ് മേധാവികളും ഉറപ്പുവരുത്തണം.
സെൻസസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ജില്ലയിൽ നാല് മാസ്റ്റർ ട്രെയിനർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. വിവരശേഖരണം നടത്തുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകേണ്ട ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം ഇതിനോടകം പൂർത്തിയായി. എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശീലനം ജൂൺ 23ന് പൂർത്തിയാകും.


