
ആറ്റിങ്ങൽ: വിദ്യാഭ്യാസ മേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനുമായി ആറ്റിങ്ങൽ നഗരസഭ 32-ാം വാർഡിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും പഠനോപകരണ വിതരണവും അങ്കണവാടി കുട്ടികൾക്ക് കുട വിതരണവും സംഘടിപ്പിച്ചു.

ഗുരുനാഗപ്പൻകാവ് ജംഗ്ഷനിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രേം നസീർ പുരസ്കാര ജേതാവ് ജൗഫർ ജലാൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.




32-ാം വാർഡ് കൗൺസിലർ ശ്രീജിത്ത് ജി. എച്ചിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.



അങ്കണവാടി കുട്ടികൾക്ക് മഴക്കാല സുരക്ഷ കണക്കിലെടുത്ത് കുടകളും വിതരണം ചെയ്തു.
വാർഡിലെ ജനങ്ങളുടെ കൂട്ടായ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രോത്സാഹനം നൽകുകയും സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃക ഉയർത്തിക്കാട്ടുകയും ചെയ്ത ചടങ്ങ് ശ്രദ്ധേയമായി.




