
ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ദേശീയപാതയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ലോറിയുടെ മുൻവശത്തെ ടയറിനടിയിൽ കുടുങ്ങി. മണമ്പൂർ സ്വദേശി ധനു (22)വിനാണ് അപകടത്തിൽ പരിക്കേറ്റത്.
ആലംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന KL 16 B 8867 നമ്പർ ഐഷർ മിനി ലോറിയും, ആലംകോട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന KL 44 J 6503 നമ്പർ കെ.ടി.എം ഡ്യൂക്ക് 390 ബൈക്കും തമ്മിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് ധനുവിന്റെ കാൽ ലോറിയുടെ മുൻവശത്തെ ടയറിനടിയിൽ കുടുങ്ങുകയായിരുന്നു. ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ന്യൂമാറ്റിക് എയർബാഗും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും ഉപയോഗിച്ച് ലോറി ഉയർത്തി യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു.
തുടർന്ന് ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിലെത്തിച്ച ധനുവിനെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


