
മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. മുദാക്കൽ കൃഷിഭവൻ അങ്കണത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വി കർഷകർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഗ്ദ അധ്യക്ഷയായ ചടങ്ങിൽ കൃഷി ഓഫീസർ ലീന എൻ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂവണത്തുമൂട് ബിജു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി മുദാക്കൽ കൃഷിഭവന് കീഴിലുള്ള കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. കൂടാതെ, മുദാക്കൽ ഇക്കോഷോപ്പ് ഒരുക്കിയ ഫലവൃക്ഷങ്ങളുടെയും പച്ചക്കറിത്തൈകളുടെയും പ്രദർശന-വിപണന മേളയും ശ്രദ്ധേയമായി.
പരിപാടിയുടെ ഭാഗമായി കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡിനെയും കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ഫസൽ ബീമ യോജന കാർഷിക ഇൻഷുറൻസ് പദ്ധതിയെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

കൃഷി അസിസ്റ്റന്റ് ജസിം ബി.എസ് നന്ദി രേഖപ്പെടുത്തി. കർഷകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.


