
കല്ലമ്പലം: നാവായിക്കുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിയിരുന്ന യുവാവിനെ ഡാൻസഫ് (DANSAF) സംഘം പിടികൂടി. കല്ലമ്പലം മുള്ളറംകോട് സന്ധ്യ നിവാസിൽ സനൽ എസ് (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മീഡിയം അളവിലുള്ള എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.
പ്രതി ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ നാവായിക്കുളം ചിറ്റായിക്കോടിന് സമീപത്ത് നിന്നാണ് സനലിനെ എംഡിഎംഎയുമായി പിടികൂടിയത്.
ഡാൻസഫ് എസ്.ഐ. മനു, എസ്.ഐ. ബിജുകുമാർ, എ.എസ്.ഐ. അനൂപ്, എസ്.സി.പി.ഒ. വിനീഷ്, സി.പി.ഒമാരായ ഫാറൂഖ്, സുജിൽ, സുനി രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറുമെന്ന് അറിയിച്ചു.


