
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായ് പോകവേ അഴിമുഖത്ത് വച്ച് യാനങ്ങൾ തിരയിൽപ്പെടുകയായിരുന്നു.
അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോളിസ്പിരിറ്റ് എന്ന വള്ളവും, പെരുമാതുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫക്രുദീൻ അലി എന്ന വള്ളവുമാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട ഫക്രുദീൻ അലിയെന്ന കേരിയർ വള്ളം നിയന്ത്രണം വിട്ട് ഹോളിസ്പിരിറ്റ് എന്ന ഫൈബർ വള്ളത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഹോളിസ്പിരിറ്റ് വള്ളം മറിയുകയും, വള്ളത്തിലുണ്ടായിരുന്ന അഞ്ചുതെങ്ങ് വേലിമുക്ക് സ്വദേശി ഔസേഫ് ആന്റണി (47) കടലിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
അപകടത്തിൽ ഹോളിസ്പിരിറ്റ് എന്ന വള്ളം പൂർണ്ണമായും തകരുകയും, വള്ളത്തിലുണ്ടായിരുന്ന രണ്ട് ഔട്ട്ബോർഡ് എഞ്ചിനുകൾ നഷ്ടപ്പെട്ടപെടുകയും ചെയ്തു. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.


