വർക്കല അയിരൂരിൽ കാർ ഇടിച്ച് യുവതി മരിച്ചു; ഭർത്താവിനും രണ്ട് മക്കൾക്കും പരിക്ക്

Attingal vartha_20260730_144425_0000

വർക്കല : അയിരൂർ ചാവർകോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പെരിങ്ങമല വില്ലേജിൽ ഇടിത്തറ ശാലോം ഹൗസിൽ മഞ്ജു (33) ആണ് ഇന്ന് പുലർച്ചെ 5 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ബുധനാഴ്ച രാത്രി 10.30ഓടെ ഭർത്താവ് റിബിനൊപ്പം ബൈക്കിൽ പാളയംകുന്നിൽ നിന്ന് പാരിപ്പള്ളിയിലേക്ക് വരികയായിരുന്നു.മക്കളായ ആരോമൽ, ആരാദ്യ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ചാവർകോട് ജംഗ്ഷന് സമീപം എത്തിയപ്പോൾ പിന്നിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ (KL 22 D 0979) ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ റിബിന് നട്ടെല്ലിന് പരിക്കും ചതവും സംഭവിച്ചു. മകൻ ആരോമലിന് കൈയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. മകൾ ആരാദ്യയുടെ വലതുകൈയ്ക്ക് പൊട്ടലും മുറിവും സംഭവിച്ചതായും പൊലീസ് അറിയിച്ചു.

അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു.ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!