
തിരുവനന്തപുരം: രാജ്യത്തിന്റെ സ്വകാര്യ ബഹിരാകാശ രംഗത്ത് ചരിത്രമെഴുതിയ വിക്രം-1 റോക്കറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം സ്വദേശികളായ നാല് യുവാക്കളുടെ നിർണായക പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ സ്വദേശി വിനീഷ് വി.കെ, പൂഴിക്കുന്ന് സ്വദേശി ജിഷ്ണു എ, രാമപുരം സ്വദേശി വിപിൻ ബി. വിജയൻ, കക്കാമൂല സ്വദേശി അനീഷ് എ.എസ് എന്നിവരാണ് വിക്രം-1 ദൗത്യത്തിന്റെ ഭാഗമായത്.
ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള വട്ടിയൂർക്കാവിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) താൽക്കാലിക ജീവനക്കാരായി വർഷങ്ങളോളം സേവനമനുഷ്ഠിച്ച ഇവർക്ക് ബഹിരാകാശ സാങ്കേതികവിദ്യയിലും കോമ്പോസിറ്റ് നിർമ്മാണ മേഖലയിലും മികച്ച പ്രവൃത്തിപരിചയമുണ്ട്.
വട്ടിയൂർക്കാവ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എഫ്.ആർ.പി (Fiber Reinforced Plastic) കോമ്പോസിറ്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഇവർ വി.എസ്.എസ്.സിയിൽ പ്രവേശിച്ചത്. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയറോസ്പേസിൽ കോമ്പോസിറ്റ് സൂപ്പർവൈസർമാരായി സേവനമനുഷ്ഠിക്കുകയാണ്.
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ച വിക്രം-1 പദ്ധതിയുടെ വിജയത്തിൽ തിരുവനന്തപുരം സ്വദേശികളായ ഈ നാല് യുവാക്കളുടെയും സാന്നിധ്യം നാടിന് അഭിമാനമായി മാറുകയാണ്. രാജ്യത്തിന്റെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്കൈറൂട്ട് എയറോസ്പേസ് ഭാവിയിൽ കൂടുതൽ ദൗത്യങ്ങൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.


