
ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയിൽ മാനസിക പീഡനമെന്നു പരാതി നൽകിയ ഡോക്ടറെ സ്ഥലംമാറ്റിയതിൽ വിവാദം. ഡോക്ടർമാരടക്കമുള്ള ചില ജീവനക്കാർ മാനസികമായി പീഡിപ്പിക്കുന്നെന്നു പരാതി നൽകിയ ആയുഷ് മിഷൻ ഡോക്ടറായ അമൃത മനോഹരന് എതിരെയാണു നടപടിയെടുത്തത്. ഇവരെ കരകുളം ആശുപത്രിയിലേക്കു മാറ്റി നിയമിച്ചതായാണു വിവരം. ആരോപണവിധേയരായ ജീവനക്കാർക്ക് എതിരെ നടപടി എടുക്കാതെ, പരാതി നൽകിയ ഡോക്ടറെ മാറ്റിയതാണു ഇപ്പോൾ വിവാദമായിരിക്കുന്നത്. മാത്രമല്ല, പരാതിക്കാരിയായ അമൃത ഡോക്ടറുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായും ആരോപണം ഉയരുന്നുണ്ട്.
ജീവനക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഡോക്ടർ ഡിവൈഎസ്പിക്കും വകുപ്പ് മേലധികാരികൾക്കും പരാതി നൽകിയത്. ചില ഡോക്ടർമാർ മാനസികമായി പീഡിപ്പിക്കുന്നെന്നും മോഷ്ടാവായി ചിത്രീകരിക്കാൻ പല വട്ടം ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. മാനസിക സമ്മർദം കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി സൂപണ്ടിനു പലവട്ടം പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം 4 വയസ്സുകാരിക്കു മരുന്നുമാറി നൽകിയ സംഭവത്തിൽ മരുന്നുമാറ്റിവച്ചത് താനാണെന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതായും അമൃത പരാതിയിൽ പറയുന്നുണ്ട്.
ഒ.എസ്. അംബിക എംഎൽഎ, നഗരസഭ ചെയർമാൻ എം. പ്രദീപ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം താഹ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർ പങ്കെടുത്ത എച്ച്എംസി യോഗത്തിലാണ് അമൃതയ്ക്കെതിരെ നടപടി എടുത്തത്. ആരോപണവിധേയരെ സംരക്ഷിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്
എന്നാൽ, വകുപ്പുതലത്തിൽ പരാതി നൽകാതെ പൊലീസിൽ പരാതി നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചതിനെ തുടർന്നു വകുപ്പുതല നടപടിയെടുക്കാൻ നിർദേശിക്കാനാണ് എച്ച്എംസി യോഗത്തിൽ തീരുമാനിച്ചതെന്ന് എ.എം.താഹ പറഞ്ഞു. പരാതിക്കാരിയുടെ ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലംമാറ്റം സ്ഥിരമല്ലെന്നും തിങ്കളാഴ്ചയോടെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്നും പൂർത്തിയായ ശേഷമേ നടപടി സ്വീകരിക്കൂവെന്നും എൻഎച്ച്എം അറിയിച്ചതായി ഡിഎംഒ പറഞ്ഞു.


