
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മീരാൻ കടവ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി തിങ്കളാഴ്ച മുതൽ ആരംഭിക്കും. പ്രവൃത്തിക്കിടെ പൈപ്പുകൾ പൊട്ടുകയോ ജലവിതരണ സംവിധാനത്തിന് തടസ്സം നേരിടുകയോ ചെയ്താൽ പഞ്ചായത്തിലെ കുടിവെള്ള വിതരണം മുടങ്ങാൻ സാധ്യതയുണ്ട്.
വാട്ടർ അതോറിറ്റിയുടെ ജലവിതരണത്തെയാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. വിതരണം തടസ്സപ്പെട്ടാൽ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ കുടിവെള്ള വിതരണം സുഗമമായി തുടരുന്നതിന് ആവശ്യമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. വിമൽരാജ്, ജയ ശ്രീരാമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. പ്രവീൺ ചന്ദ്ര, ലിജാ ബോസ്, വിജയ് വിമൽ, അതുല്യ മഹേഷ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.


