ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റി വാർഡ് പ്രവർത്തനം ആരംഭിച്ചു

Attingal vartha_20261030_224407_0000

ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിലെ കാഷ്വാലിറ്റി വാർഡിന്റെ പ്രവർത്തനോദ്ഘാടനം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു. മികച്ച ആരോഗ്യപരിചരണവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.

തീരദേശ മേഖലയായ ചിറയിൻകീഴിലെ ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ സർക്കാർ ആശുപത്രികൾ കൂടുതൽ ആശ്രയകേന്ദ്രമായി മാറണമെന്ന് ഉദ്ഘാടനച്ചടങ്ങിൽ എം.എൽ.എ പറഞ്ഞു.

പുതിയ കെട്ടിടത്തിൽ കാഷ്വാലിറ്റി വിഭാഗത്തോടൊപ്പം അത്യാധുനിക എക്സ്-റേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുതുതായി നിർമിച്ച ഐ.പി ബ്ലോക്കിൽ സ്ത്രീകളുടെ വാർഡിൽ 34 കിടക്കകളും പുരുഷന്മാരുടെ വാർഡിൽ 37 കിടക്കകളും ഉൾപ്പെടെ ആകെ 71 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഡയാലിസിസ് സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 12 പുതിയ ഡയാലിസിസ് മെഷീനുകൾ കൂടി പ്രവർത്തനസജ്ജമാക്കും. നിലവിലുള്ള 8 മെഷീനുകൾ കൂടി ഉൾപ്പെടുത്തി ആകെ 20 മെഷീനുകളോടെയുള്ള ഡയാലിസിസ് സേവനം പുതിയ കെട്ടിടത്തിൽ ലഭ്യമാക്കാനുളള ക്രമീകരണങ്ങളും നടന്നു വരുന്നു. ഇതിനുപുറമേ, അത്യാധുനിക ബ്ലഡ് ബാങ്ക് സംവിധാനവും പുതിയ മന്ദിരത്തിൽ ഒരുക്കും. 70 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അൻസാർ എ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി കൃഷ്ണ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹനൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!