
കിളിമാനൂർ: എം.സി റോഡിൽ ഇരട്ടച്ചിറയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ഇരട്ടച്ചിറ സ്വദേശി പ്രകാശ് (70) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാരേറ്റ് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് പ്രകാശിനെ ഇടിക്കാതിരിക്കാൻ വലതുവശത്തുകൂടി മുന്നോട്ടുപോയി. ഈ സമയം ബസിന് പിന്നിലൂടെ എത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പ്രകാശിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
റോഡിന്റെ മധ്യഭാഗത്തേക്ക് എത്തിയപ്പോഴാണ് കാർ ഇടിച്ചത്. ബസിന്റെ മറവിൽ കാൽനടയാത്രക്കാരനെ കാണാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ഉടൻതന്നെ 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


