ആറ്റിങ്ങലിൽ ബസ് യാത്രക്കാരിയുടെ പണം കവർന്ന നാടോടി സ്ത്രീ അറസ്റ്റിൽ

ആറ്റിങ്ങല്‍: ആറ്റിങ്ങലിൽ ബസ് യാത്രക്കാരിയുടെ പണം കവർന്ന നാടോടി സ്ത്രീ അറസ്റ്റിൽ. ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 3000 രൂപ കവര്‍ന്ന കേസില്‍ തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗര്‍-12 ഡോര്‍ നമ്പര്‍ 13-ല്‍ രാജേശ്വരിയാ(23)ണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ 10.15 ന് അവനവഞ്ചേരി ടോള്‍മുക്കില്‍ നിന്ന് പ്രൈവറ്റ് ബസില്‍ ആറ്റിങ്ങലേയ്ക്ക് വരുമ്പോഴാണ് ഇടയ്‌ക്കോട് സ്വദേശിനിയായ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം മോഷണം പോയത്. ബാഗിന്റെ സിബ് തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടര്‍ന്ന് യാത്രക്കാരി ബഹളം വെക്കുകയും മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് രാജേശ്വരിയെ തടഞ്ഞുവച്ച് പോലീസിൽ ഏല്പിക്കുകയുമായിരുന്നു.