വികസന നിറവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി, വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഫെബ്രുവരി 13ന്

ചിറയിൻകീഴ്: കേരള സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന ആർദ്രം മിഷന്റെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അനുവദിച്ച 70.5 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിക്കും. 50.2 കോടി രൂപ ചെലവിൽ അഞ്ച് നില കെട്ടിടവും 20 കോടി കെട്ടിടത്തിലേക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ വാങ്ങാനുമാണ്. പതിനെട്ട് മാസത്തിനകം നിർമാണം പൂർത്തീകരിക്കണമെന്നാണ് കിഫ്ബിയുമായുള്ള ഇൻകെലിന്റെ കരാർ. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന‌് 2.5 കോടി രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയ ഒപി ബ്ലോക്കിന്റെ രണ്ടാം നിലയുടെയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2017 -18 വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള വിശ്രമകേന്ദ്രമായ വാത്സല്യ കൂടാരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനാകും. ഡോ.എ സമ്പത്ത് എംപി മുഖ്യാതിഥിയാകും. കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ  പ്രോജക്ട് സമർപ്പിയ്ക്കും. മുൻ എംഎൽഎ ആനത്തലവട്ടം ആനന്ദൻ, മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദ് കേശവേന്ദ്രകുമാർ ഐഎഎസ്, അഡ്വ ശൈലജ ബീഗം, അഡ്വ ശ്രീകണ്ഠൻ നായർ, എസ് ഡീന, ഡോ. സരിത ആർ.എൽ, രമാഭായിയമ്മ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഫിറോസ് ലാൽ, സിപി സുലേഖ തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വി ശശി എംഎൽഎ ,ആർ. സുഭാഷ് ,അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .