ആറ്റിങ്ങലിൽ കൊല്ലപ്പെട്ട ബംഗാളിയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു.

ആ​റ്റിങ്ങൽ: ഹോളോബ്രിക്‌സ് കമ്പനിയുടെ ഓഫീസിൽ കൂട്ടുകാരന്റെ കുത്തേറ്റ് മരിച്ചതെന്ന് സംശയിക്കുന്ന ബംഗാൾ തൊഴിലാളി ബിമൽ ബാറയുടെ (39) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചിതാഭസ്മവുമായി ബന്ധുക്കൾ ഇന്നലെ നാട്ടിലേക്ക് മടങ്ങി.മാർച്ച് 10ന് രാവിലെയാണ് കൊലപാതകം അറിയുന്നത്. വ്യക്തമായ രേഖകൾ ഇല്ലാതിരുന്നതിനാൽ പൊലീസ്, മൊബൈൽ നമ്പർ തപ്പിയെടുത്ത്, സൈബർ സെല്ലിന്റെ സഹായത്തോടെ അതിലെ നമ്പരുകൾ ശേഖരിച്ചാണ് വീട്ടുകാരെ വിവരം അറിയിച്ചത്. അതുകൊണ്ടുതന്നെ ദിവസങ്ങളോളം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലായിരുന്നു. മൃതദേഹം എംബാം ചെയ്താണ് സൂക്ഷിച്ചിരുന്നത്. ബന്ധുക്കൾ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട ബിമലിന്റെ മേൽവിലാസംപോലും അറിയുന്നത്. വെസ്റ്റ് ബംഗാൾ ജൽപായ് ഗുരി ബനാർഹർഡ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ടി. ഗാർഡൻ ബനാറസ് ലെയ്ൻ ഗയർ ഖഥയിൽ സോമ്ര ബാറയുടെ മകനാണ് ബിമൽ ബാറ. തിങ്കളാഴ്ച വെളുപ്പിന് 2ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബിമൽ ബാറയുടെ അനുജൻ സിമൽ ബാറ,​ അച്ഛന്റെ അനുജന്റെ മക്കളായ രാജ് ബാറ,​ അമിത് ബാറ എന്നിവർ നേരെ പോയത് ചിറയിൻകീഴിൽ ബന്ധു താമസിക്കുന്ന സ്ഥലത്താണ്. അവിടെനിന്ന് ബന്ധുവിനൊപ്പം ആറ്റിങ്ങൽ സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കൊണ്ടുപോകാനുള്ള ചെലവുകൾ കൂടുതലായതിനാൽ ഇവിടെത്തന്നെ സംസ്കരിച്ച് ചിതാഭസ്മവുമായി മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ബിമൽ ബാറയ്ക്ക് രണ്ട് ഭാര്യമാരിലായി മൂന്നു കുട്ടികളുണ്ട്. ആദ്യ ഭാര്യ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് പോയിരുന്നു. ബിമൽ ബാറ കൊല്ലപ്പെട്ടതായി കണ്ടെത്തിയ ദിവസംതന്നെ കൂടെയുണ്ടായിരുന്ന ബംഗാൾ സ്വദേശി അമലിനെ കാണാതാവുകയായിരുന്നു.