ബസ് സർവീസ് ഇല്ല, യാത്രക്കാർ ദുരിതത്തിൽ

അഴൂർ : യാത്രക്കാർ പെരുവഴിയിൽ നട്ടം തിരിഞ്ഞിട്ടും അഴൂർ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്‌ഷൻ വഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തയ്യാറാകാതെ അധികൃതർ. മുട്ടാപോക്ക് ന്യായം പറഞ്ഞ് നിറുത്തലാക്കിയ ബസ് സർവീസ് പുനഃസ്ഥാപിക്കാത്തതിനാൽ വൻ പ്രതിഷേധമാണുയരുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഈ സർവീസ് നടത്തിയിരുന്നെങ്കിലും കണിയാപുരം ഡിപ്പോ ആരംഭിച്ചതോടെ അതിന്റെ കീഴിലായി.

മാസങ്ങൾക്ക് മുൻപ് ഇതുവഴി സർവീസ് നടത്താൻ സ്വകാര്യ ബസ് അനുവാദം ചോദിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയുടെ എതിർപ്പ് മൂലം പെർമിറ്റ് ലഭിച്ചില്ല. കെ.എസ്.ആർ.ടി.സി.സർവീസ് നടത്തുകയുമില്ല, സ്വകാര്യ ബസിനെ അനുവദിക്കുകയുമില്ല എന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബസ് സർവീസുകൾ ആരംഭിക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.