ആളില്ലാത്ത വീട്ടില്‍ നിന്നും സ്വർണവും പണവും കവർന്നു

പിരപ്പന്‍കോട് : ആളില്ലാത്ത വീട്ടില്‍ നിന്നും ആറേകാല്‍ പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 4,000 രൂപയും മോഷ‌്ടിച്ചു. പിരപ്പന്‍കോട് മഞ്ചാടിമൂട് രാമചന്ദ്രവിലാസത്തില്‍ ശശികലയുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും അപഹരിച്ചത്. മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. ബുധനാഴ്ച ശശികലയും കുടുംബാംഗങ്ങളും ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ വീട്ടുടമയെ ഫോണില്‍ വിളിച്ചറിയിച്ചു. തുടർന്ന‌് വീട്ടുകാർ എത്തിയപ്പോഴാണ‌് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായറിഞ്ഞത‌്. വെഞ്ഞാറമൂട് പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.