Search
Close this search box.

തിരക്ക് പിടിച്ച റെയിൽവേ സ്റ്റേഷൻ, ഇവിടെ സിസിടിവി വേണമെന്ന് ആവശ്യം !

വർക്കല: ഏറെ തിരക്കുള്ള വർക്കല റെയിൽവേ സ്റ്റേഷനിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാത്തത് സുരക്ഷാ ഭീഷണിയുയർത്തുന്നു. സ്റ്റേഷനിൽ വർധിച്ചുവരുന്ന അക്രമങ്ങളും സാമൂഹികവിരുദ്ധശല്യവും തടയാനും അക്രമികളെ കണ്ടെത്താനും ക്യാമറകൾ സഹായിക്കും. വിനോദസഞ്ചാരികളും തീർഥാടകരുമുൾപ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെത്തുന്നത്. രാത്രിയിൽ സാമൂഹികവിരുദ്ധരും അക്രമികളും സ്റ്റേഷനിൽ കഴിയുന്നുണ്ട്. രണ്ട് പോലീസുകാരുടെ സേവനമുണ്ടെങ്കിലും പ്ലാറ്റ്‌ഫോമുകളിലെല്ലാം എപ്പോഴും ഇവരുടെ ശ്രദ്ധയെത്തില്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അർധരാത്രിയിൽ സ്റ്റേഷനിലെത്തിയ യുവാവ് വനിതാ സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരെയും ആക്രമിച്ചിരുന്നു. സ്റ്റേഷൻ മാസ്റ്ററുടെ മുറി ചവിട്ടിത്തുറന്ന് അകത്തുകയറി അസഭ്യം പറയുകയും ആർ.പി.എഫ്. എയ്ഡ് പോസ്റ്റ് കേടുവരുത്തുകയും ചെയ്തു. ഒരു മണിക്കൂറോളം സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടു. അന്ന് രാത്രിയിൽ സ്റ്റേഷനിൽ പോലീസില്ലായിരുന്നു. സ്റ്റേഷനിലെ പോർട്ടർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതാണ് തെളിവായത്. ഈ സംഭവത്തിനുശേഷമാണ് രാത്രിയിൽ സ്ഥിരമായി പോലീസിനെ നിയോഗിച്ചത്.

രണ്ടുവർഷം മുൻപ്‌ പ്ലാറ്റ്‌ഫോമിൽ യുവാവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമമുണ്ടായി. ഒരാഴ്ച മുൻപ്‌ രാത്രി പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയ ഉത്തരേന്ത്യൻ സ്വദേശിയുടെ പതിനായിരം രൂപ കവർന്നിരുന്നു. രാത്രിയിൽ പ്ലാറ്റ്ഫോമുകളിൽ കിടന്നുറങ്ങുന്നവരുടെ പണവും മൊബൈൽ ഫോണും കവരുന്നതും പതിവാണ്. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാറില്ല. വർക്കല സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. സമീപത്തെ ബാറിൽനിന്നു മദ്യപിച്ചെത്തുന്നവർ അഭയം തേടുന്നത് ഇവിടെയാണ്. പകൽ സമയത്തുപോലും അസഭ്യം വിളിയും ഏറ്റുമുട്ടലും പ്ലാറ്റ്‌ഫോമിൽ അരങ്ങേറുന്നു.

ഇവരുടെ ശല്യംകാരണം രാത്രിയും പുലർച്ചെയുമുള്ള വനിതാ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മദ്യലഹരിയിലെത്തി സ്റ്റേഷൻ മാസ്റ്ററോടും ജിവനക്കാരോടും കാന്റീൻ നടത്തിപ്പുകാരോടും മോശമായി പെരുമാറുന്ന സംഭവങ്ങളും ഇടയ്ക്കിടെയുണ്ടാകുന്നു. ഔട്ട്‌പോസ്റ്റുണ്ടെങ്കിലും ആർ.പി.എഫിന്റെ സേവനം എല്ലാ സമയവും ലഭിക്കില്ല. സന്ധ്യയ്ക്ക് എത്തുന്ന ഇവർ അടുത്ത തീവണ്ടിയിൽ മടങ്ങും. സ്റ്റേഷൻ വികസനത്തിനൊപ്പം സുരക്ഷാസംവിധാനം ശക്തമാക്കുന്നതിനും നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!