പത്തുമണി പൂക്കളുടെ വര്‍ണവൈവിധ്യങ്ങള്‍ ഒരുക്കി സുജിത്ര

വെള്ളനാട് : പൂക്കളുടെ വര്‍ണവൈവിധ്യങ്ങള്‍ ഇഷ്ടമില്ലാത്തവരാരുമുണ്ടാകില്ല. എന്നാല്‍ വെള്ളനാട് കുതിരകുളം മുഴുവൻകോട് രാജീവ് ഭവനിൽ എ എസ് സുജിത്ര (25) യുടെ കൃഷിയിടത്തിൽ ഇരുന്നൂറിലധികം വിവിധ ഇനങ്ങളിലുള്ള പത്തുമണി ചെടിയുടെ വൻ ശേഖരമാണ് ഉള്ളത്. ഈ ചെടികളിൽ വിവിധ നിറങ്ങളിൽ പൂക്കൾ കാണുവാനും ചെടികൾ വാങ്ങുവാനും ഒട്ടേറെ പേർ ജില്ലയ്ക്ക് പുറത്തു നിന്നും ഇവിടെ എത്തുന്നുണ്ട്. വീടിന് സമീപം ചുറ്റുമായി 30 സെൻറ് വസ്തുവിൽ ആണ് സുജിത്രയുടെ കൃഷി. തായ്‌ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് തൈകൾ എത്തുന്നത്. സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പോർട്ടുലാക്ക എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ ചെറു ഉദ്യാനസസ്യം പൂക്കളുടെ ആകൃതി, നിറം, ഇലകളുടേയും തണ്ടുകളുടേയും നിറം, ഇലകളുടെ ആകൃതി എന്നിവയിൽ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. തണലുള്ള സ്ഥലങ്ങളിൽ ചകിരിയും മണലും ചാണകപ്പൊടിയും കലർത്തി ഗ്രോബാഗുകളിലും നിലത്തും തൈകൾ കൃഷി ചെയ്യും. വളർന്നതിനു ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നാടും. 7 മാസം മുമ്പ് തുടങ്ങിയാണ് പത്തുമണി കൃഷി. കൂടാതെ ഭർത്താവ് രാജീവ് കുമാർ പൂർണ പിന്തുണയും തന്റെ കൃഷിക്ക് ഉണ്ട് എന്നാണ് സുജിത്ര പറയുന്നത്. 10 രൂപ മുതൽ 75 രൂപയാണ് ചെടികളുടെ വില. എന്നാൽ ഓൺലൈൻ വഴിയാണ് കൂടുതലും ഇവരുടെ വില്പന എന്നാണ് രാജീവ് പറയുന്നത്. കൂടതെ കേരളത്തിൽ ഒരിടത്തും ഇത്തയും അധികം ഇനം പത്തുമണി ഇല്ല എന്നാണ് രാജീവ് പറയുന്നത്. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് തൈകൾ സ്പീഡ് പോസ്റ്റ് വഴി അയച്ചു നൽകും. സ്പിപിയർമിന്റ്, സിൻഡ്രല, ടിയാറ, ബനാനയെല്ലോ, ആനിയറിൻ, ടോൻലി തുടങ്ങിയ ഇനങ്ങളാണ് കാഴ്ചക്കാരെ വളരെയേറെ വിസ്മയിപ്പിക്കുന്നത്. അതിരാവിലെ തന്നെ സുജിത്ര കൃഷിയിടത്തിൽ കാഴ്ച്ചക്കാരുടെ തിരക്കാണ്.