200 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി വർക്കല സ്വദേശി പിടിയിൽ

വർക്കല : തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്നലെ രാവിലെ അമരവിള ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പുലർച്ചെ 5 ന് എത്തിയ ഒരു നാനോ കാറിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന വർക്കല സ്വദേശിയായ ഗഫൂർ എന്ന ആളിന്റെ പേരിൽ കേസെടുത്തു. നാഗർകോവിൽ ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കാറിനുള്ളിൽ 13 ചാക്കുകളിലായാണ് കടത്താൻ ശ്രമിച്ചത്. എക്സൈസ് ഇൻസ്‌പെക്ടർ സി. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജസ്റ്റിൻരാജ്, രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു, സജിത്ത്, ശ്രീകുമാർ എന്നിവർ പരിശോധകളിൽ പങ്കെടുത്തു. പ്രതിയെയും പുകയില ഉത്പന്നങ്ങളും അമരവിള റേഞ്ച് ഓഫീസിന് കൈമാറി.