കഷ്ടപ്പാടുകൾക്ക് മുൻപിൽ അടിപതറാത്ത ഒന്നാം റാങ്കുകാരിക്ക് എം.എം.എൽയുടെ അഭിനന്ദനം

പുളിമാത്ത് : ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ച് ഒന്നാം റാങ്ക് നേടിയ പുളിമാത്ത് പഞ്ചായത്തിൽ കൊടുവഴന്നൂർ തോട്ടവാരം ശരണ്യഭവനിൽ ഷീജയുടെ മകൾ ശരണ്യയെ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ ബി.എ ഹിന്ദി പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടിയത്.

9 വർഷങ്ങൾക്ക് മുമ്പ് പിതാവ് സുരേഷ് കരൾ സംബന്ധമായ അസുഖത്തെതുടർന്ന് മരണപ്പെട്ടതോടെ കുടുംബം അനാഥമായി. വിദ്യാർത്ഥികളായ ശരണ്യയെയും, സഹോദരൻ അഖിലേഷിനെയും പശുവളർത്തലിലൂടെ ലഭിച്ച തുച്ഛവരുമാനത്തിലാണ് മാതാവ് ഷീജ കുടുംബം പുലർന്നത്. ശരണ്യയും മാതാവിനെ സഹായിച്ചിരുന്നു. കൂടാതെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ശരണ്യ വരുമാനം കണ്ടെത്തിയിരുന്നു.

എം.എൽ.എയോടൊപ്പം പുളിമാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഷ്ണു, മറ്റു രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ സന്നിഹിതരായി.