അച്ഛനെ ആക്രമിച്ചു പുറത്താക്കി വീടിന് തീയിട്ടു, എല്ലാം പണത്തിനു വേണ്ടി : പ്രതി അറസ്റ്റിൽ

കരകുളം : വീടും വസ്തുവും വിറ്റ് പണം നൽകാത്തതിൽ കുപിതനായി മാതാപിതാക്കളെ ആക്രമിച്ച് പുറത്താക്കിയ ശേഷം വീട് കത്തിച്ച യുവാവ് അറസ്റ്റിൽ. കരകുളം അയണിക്കാട് മാമ്പഴക്കോണം മംഗലശ്ശേരി വീട്ടിൽ  ചന്തു എന്ന രാജേഷ്കുമാറാണ് (31) അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി  ഒൻപതരയോടെ രാജേഷ് കുമാർ പിതാവായ വിക്രമൻ നായരെ (67) കമ്പുകൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച ശേഷം വീടിനകത്ത് കന്നാസിലിരുന്ന മണ്ണെണ്ണ എടുത്ത് വീട്ടുപകരണങ്ങളിലും തുണിയിലും ഒഴിച്ച ശേഷം വീട് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.വീട് കത്തിത്തുടങ്ങിയപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു.

നാട്ടുകാർ ഓടി ക്കൂടി അരുവിക്കര പൊലീസിനെ അറിയിക്കുകയും എസ്ഐ മണികണ്ഠൻ നായരുടെ നേതൃത്വത്തിൽ പൊലീസെത്തി അക്രമാസക്തനായ രാജേഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നെടുമങ്ങാട് അഗ്നിശമനസേനാ വിഭാഗമെത്തി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി.

വീട് കത്തി നശിച്ചതിൽ  രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വരുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ രാജേഷ്കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അരുവിക്കര പൊലീസിനെ ആക്രമിച്ച കേസ് ഉൾപ്പെടെ രാജേഷ്കുമാറിന്റെ പേരിൽ  ഒട്ടേറെകേസുകൾ നിലവിലുണ്ടെന്ന് സിഐ ഷിബുകുമാർ അറിയിച്ചു.