കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ മികച്ച വിജയം നേടിയ പ്രതിഭകളെ പഞ്ചായത്ത് ആദരിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും, കേരള യൂണിവേഴ്സിറ്റി ബി.എ സോഷിയോളജിയിൽ ഒന്നാം റാങ്ക് നേടിയ ശംസുൽ നിസ, ദേശീയ സ്കൂൾ ഗെയിംസിൽ 19 വയസ്സിനു താഴെയുള്ള കുട്ടികളുടെ കുമിത്തെ കരാട്ടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ബ്രോൺസ് മെഡലും നേടിയ കീഴാറ്റിങ്ങൽ ബി.വി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫിദ ഹാജത്തിനേയും ആദരിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കീഴാറ്റിങ്ങൽ പി.എച്ച്.സിയിൽ നിന്ന് ട്രാൻസ്ഫറായ ഡോ.രാമകൃഷ്ണ ബാബുവിനെയും പ്രത്യേകം ആദരിച്ചു.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ, പഞ്ചായത്ത് മെമ്പർമാരായ സുകുട്ടൻ, രാധിക,മധു, രതി, മോഹനകുമാരി, കൃഷ്ണകുമാർ, ഷിജു എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൃദീപ് കുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കൃതജ്ഞതയും രേഖപ്പെടുത്തി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
 
  
  
  
  
 








 
								 
															 
								 
								 
															 
															 
				

