കാലം പോയ പോക്കേ ! മാങ്ങയ്ക്ക് വേണ്ടി വീട്ടമ്മയെ യുവാക്കൾ മർദിച്ചെന്ന് പരാതി..

നെടുമങ്ങാട്: മാങ്ങ പറിക്കുകയായിരുന്ന വീട്ടമ്മയെ ഒരുസംഘം യുവാക്കൾ വീടിനു മുന്നിലിട്ട് മർദ്ദിച്ചു. മുഴുവൻ മാങ്ങയും കൈക്കലാക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്‌ത 53 കാരിയെ വയറ്റിൽ ചവിട്ടുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്‌തെന്നാണ് പരാതി. മുക്കോലയ്ക്കൽ കൈരളിക്കുന്നിൽ ലൗലിക്കാണ് ക്രൂര മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേരുൾപ്പടെ മുപ്പതോളം പേർക്കെതിരെ ലൗലി നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. ക്രിക്കറ്റ് കളിയുടെ മറവിൽ പൊതുസ്ഥലത്ത് മദ്യപാനവും കഞ്ചാവ് ഉപയോഗവും പതിവാക്കിയവരാണ് അക്രമം നടത്തിയതെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. യുവാക്കൾക്ക് മാങ്ങ നൽകിയ ശേഷം ബാക്കി മാങ്ങ ശേഖരിക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. നിലവിളിയും ബഹളവുംകേട്ട് ഓടിയെത്തിയ ലൗലിയുടെ ഭർത്തൃസഹോദരന്റെ മക്കളായ ജോയ്, ജോസ് എന്നിവർക്കും മർദ്ദനമേറ്റു. ഭയന്ന് വീട്ടിൽ ഒളിച്ചപ്പോൾ പിന്തുടർന്നെത്തിയ സംഘം കസേരകളും മറ്റ് ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. ചികിത്സ തേടി ജില്ലാ ആശുപത്രിയിലെത്തിയ ലൗലിയെയും ബന്ധുക്കളെയും അക്രമികൾ ഇവിടെയെത്തിയും ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നാണ് ഭീഷണിയെന്ന് വീട്ടമ്മ പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു.