മ്യൂസിക് സിസ്റ്റവും ബാറ്ററികളും മോഷണം: പ്രതികൾ പിടിയിൽ

അരുവിക്കര : രാത്രി കാലങ്ങളിൽ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റവും ബാറ്ററികളും സ്ഥിരമായി മോഷ്ടിക്കുന്ന രണ്ടു പേരെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു. വർക്കല താഴെ വെട്ടൂർ കളിയൽ ഹൗസിൽ ഈസാ നാസർ (19), നെടുമങ്ങാടിനു സമീപം വാളിക്കോട് കൊപ്പത്ത് വാടകയ്ക്ക് താമസിക്കുന്ന പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഉണ്ടപ്പാറ സ്വദേശിയായ പതിനേഴു വയസുകാരൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വെള്ളൂർക്കോണം ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റം, സ്പീക്കർ, വൂഫർ ആർ.സി.ബുക്ക്, സ്റ്റെപ്പിനി ടയർ എന്നിവ മോഷണം പോയി. ഇതേ തുടർന്ന് ഓട്ടോ ഡ്രൈവർമാർ അരുവിക്കര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് പോലീസ് ഓട്ടോസ്റ്റാൻഡിനു സമീപത്തെ സി. സി. ടി. വി. പരിശോധിച്ചപ്പോൾ പ്രതികൾ ചേർന്ന് ഓട്ടോറിക്ഷയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിക്കുകയും ശേഷം ഇവരെ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷകളിൽ നിന്നും മോഷ്ടിച്ചെടുത്ത സാധനങ്ങളും പോലീസ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. അതെ സമയം ഇരുവരുടെയും പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ സമാനമായ രീതിയിലുള്ള മോഷണക്കേസ് നിലവിലുണ്ടെന്ന് അരുവിക്കര പോലീസ് അറിയിച്ചു. അരുവിക്കര സി. ഐ. ഷിബുകുമാ റിന്റെ നേതൃത്വത്തിൽ എസ്. ഐ. മാരായ മണികണ്ഠൻ നായർ, മുരളീധരൻ നായർ, എ. എസ്. ഐ. അനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പത്മരാജ്, സുദർശനൻ, രാംകുമാർ, ഷൈജു, സി. പി. ഒ. മാരായ ഷംനാഥ്, അരവിന്ദ്, സുമേഷ്, അഭിലാഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.