ആര്യനാട് ഗവ. വി.എച്ച്.എസ്.എസ്സിൽ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം

ആര്യനാട്: ‘എല്ലാ വിദ്യാ‌ർത്ഥികൾക്കും പച്ചക്കറി വിത്തുകൾ,  വിദ്യാലയങ്ങളിൽ ജൈവ പച്ചക്കറി തോട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി. ആര്യനാട് കൃഷി ഭവന്റെയും ആര്യനാട് ഗവ. വി.എച്ച്.എസ്.എസിലെ വിവിധ ക്ലബുകളുടെയും ആഭിമുഖ്യത്തിലാണ് വിത്ത് നൽകിയത്. പച്ചക്കറി വിത്തുകൾ അടങ്ങിയ കിറ്റ് അഗ്രിക്കൾചറൽ അദ്ധ്യാപിക എസ്. ദിവ്യ സ്കൂൾ ലീഡർ ഷിനി ജോണിന് നൽകി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പുതു തലമുറ കാർഷിക സാംസ്‌കാരിക മൂല്യങ്ങൾ മനസിലാക്കാനും കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമായ സ്വയം പര്യാപ്തത കൈവരിക്കാനും സാധിക്കുന്ന ഒരു പദ്ധതിയാണിതെന്ന് കാർഷിക ക്ലബ് കോ ഓർഡിനേറ്റർ ആർ.വി.വിനോദ് പറഞ്ഞു. അദ്ധ്യാപകരായ വി.എസ്. സുജിൻ, പി.കെ. ദീപേഷ്, കെ.ബി. ബിനു, എൻ. രാജേഷ്, ടി.എൽ. ഷൈനി ക്രിസ്റ്റബൽ, എ.എസ്. രഞ്ജിനി, ദീപ്തി, രമ്യ കൃഷ്ണ എന്നിവർ പങ്കെടുത്തു.