വഴി ചോദിച്ചു സ്കൂട്ടറിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു : മുക്കുപണ്ടമാണ് കവർന്നത്….

മാറനല്ലൂർ : മാല മോഷ്ടാക്കൾ കാണുന്ന മാലകൾ പൊട്ടിച്ചെടുത്ത് കടന്നുകളയും. പൊട്ടിച്ചെടുത്തത് 100രൂപ വിലയില്ലാത്ത മലയാണെങ്കിലോ!. കഴിഞ്ഞ ദിവസം ഗോവിന്ദമംഗലം ജംഗ്ഷന് സമീപത്തെ ബസ് സ്റ്റോപ്പിലിരുന്ന വീട്ടമ്മയുടെ മാല സ്‌കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നു. എന്നാൽ നഷ്ടമായത് 100 രൂപ പോലും വിലയില്ലാത്ത മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. അടുത്തിടെ പ്രദേശത്ത് സ്ഥാപിച്ച സി.സി ടി.വി കാമറയിൽ മാല പൊട്ടിച്ചെടുക്കുന്ന ദൃശ്യങ്ങളുണ്ട്. വീട്ടമ്മയോട് വഴി ചോദിക്കാനെന്ന വ്യാജേനയെത്തി ഹെൽമെറ്റ് ധരിച്ച യുവാവ്‌ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മാറനല്ലൂർ, നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെട്ട പ്രദേശമായത് കാരണം ഏതെങ്കിലും സ്റ്റേഷനിൽ പരാതി നൽകാൻ നാട്ടുകാർ പറഞ്ഞെങ്കിലും വീട്ടമ്മ തയ്യാറായില്ല. അടുത്തിടെ ഊരൂട്ടമ്പലം ഇശലിക്കോട് തട്ടുകട ഉടമയായ വൃദ്ധയുടെ ഒന്നരപ്പവന്റെ മാല പൊട്ടിച്ച കള്ളന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഇയാളെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.