മുരുക്കുംപുഴയിൽ റെയിൽവേ ട്രാക്കിൽ വീണയാളെ ട്രെയിൻ നിർത്തി രക്ഷിച്ചു

മുരുക്കുംപുഴ : റെയിൽപ്പാളത്തിനു കുറുകേ നടക്കുന്നതിനിടെ വീണയാളെ തീവണ്ടി ബ്രേക്കിട്ട് ലോക്കൊ പൈലറ്റ് രക്ഷിച്ചു. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപം അഭിലാഷ് ഭവനിൽ അഭിലാഷാണ് പാളത്തിൽ വീണത്. കഴിഞ്ഞ ദിവസം രാത്രി മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. പുനലൂർ-മധുര പാസഞ്ചറിനു മുന്നിലാണ് ഇയാൾ വീണത്. ട്രാക്കിനു സമീപത്താണ് അഭിലാഷിന്റെ വീട്. ഒഴിഞ്ഞ മദ്യക്കുപ്പി കളയുന്നതിനാണ് ഇയാൾ പാളം മുറിച്ചുകടന്നത്‌. മദ്യക്കുപ്പി ഉപേക്ഷിച്ച ശേഷം തിരികെ നടക്കുമ്പോഴാണ് തീവണ്ടിയെത്തിയത്. മുരുക്കുംപുഴ സ്റ്റോപ്പിൽ നിർത്തിയ ശേഷം നീങ്ങിയ തീവണ്ടി വേഗത്തിലായിരുന്നില്ല. ഓടിമാറാനുള്ള ശ്രമത്തിനിടെയാണ് അഭിലാഷ് പാളത്തിൽ വീണത്. ലോക്കോ പൈലറ്റ് സി.സുരേഷ് കുമാർ ഇതു കണ്ട് തീവണ്ടി നിർത്തി. എൻജിന്റെ ആദ്യസെറ്റ് ചക്രങ്ങൾ സുരേഷിനെ മറികടന്നിരുന്നു. പാളത്തിന്റെ മധ്യത്തിൽ കിടന്നതിനാൽ ചക്രങ്ങൾ ദേഹത്തു കയറിയില്ല. എന്നാൽ, എൻജിന്റെ ഭാഗങ്ങൾ വസ്ത്രങ്ങളിൽ കുടുങ്ങിത്തുടങ്ങിയിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാളെ പുറത്തെടുത്തത്. പാളത്തിൽ അതിക്രമച്ചു കടന്നതിന് കേസെടുത്തിട്ടുണ്ട്.