വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്.

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്. കാർ യാത്രികൻ പുനലൂർ പാലമൂട്ടിൽ, കൃഷ്ണാഭവനിൽ അരുൺ കൃഷ്ണനാണ് (30) പരിക്കേറ്റത്. സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് കീഴായിക്കോണം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 11.20 നായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്ന് വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന അൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷെഡ് പൂർണമായും തകർന്നു. കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ അൻപതാം വാർഷിക സ്മാരകമായി നിർമ്മിച്ചതായിരുന്നു ഈ വെയിറ്റിംഗ് ഷെഡ്. പരിക്കേറ്റ അരുൺ കൃഷ്ണയെ വെഞ്ഞാറമൂട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.