വെഞ്ഞാറമൂട്ടിലെ പലഹാരശാലയിൽ തീപിടിച്ചു

വെഞ്ഞാറമൂട്:  വെഞ്ഞാറമൂട്ടിൽ പലഹാരശാലയ്ക്ക് തീപിടിച്ച്‌ പൂർണമായും കത്തി. രണ്ട് ഇരുചക്രവാഹനങ്ങൾക്കും തീപിടിച്ചു. സമീപത്തെ വീടുകളിലേക്ക്‌ തീ പടരുന്നതിന് മുമ്പ്‌ ഫയർഫോഴ്സ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന്‌ വെഞ്ഞാറമൂട് മാരിയത്തായിരുന്നു സംഭവം. മാരിയം സുലേഖ നിവാസിൽ ഇശക്കി രാജിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ്‌ തീ പിടിച്ചത്‌. നിർമാണശാലയ്ക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന എണ്ണയിലും വിറകിലും തീ പടർന്നതോടെ ശക്തമായി പടരുകയായിരുന്നു. സാധാരണ കടയ്‌ക്കുള്ളിൽ തങ്ങാറുള്ള തൊഴിലാളികൾ പൊങ്കൽ പ്രമാണിച്ച് നാട്ടിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരാണ്‌ വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരമറിയിച്ചത്‌.

രണ്ടു വാഹനങ്ങളിലായി എത്തിയ ഫയർഫോഴ്സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തീ ആളിപ്പടർന്നിരുന്നെങ്കിൽ വൻ അപകടം പ്രദേശത്ത് ഉണ്ടാകുമായിരുന്നു. തീ പിടിത്തത്തിന്റെ കാരണമറിയില്ലെന്നും ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഉടമ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ രാജേന്ദ്രൻനായർ, ഫയർ ഓഫീസർമാരായ നിശാന്ത് സുമേഷ്, സന്തോഷ്, രജികുമാർ, മോഹനൻപിള്ള, ശരത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്..