പക്ഷികൾക്ക‌് സ്കൂൾ വളപ്പിൽ ദാഹജലമൊരുക്കി കുരുന്നുകൾ.

മടവൂർ : കേൾക്കുന്നുണ്ടോ കിളിപ്പേച്ച്, ഇത്തിരി വെള്ളം തരണേയെന്ന അവരുടെ യാചന. ഉരുകിയുരുകി എരിയുന്ന വേനലിൽ ദാഹജലത്തിനായി കേഴുകയാണ് കിളികൾ. കിളിക്കൂട്ടുകാർക്കിത്തിരി വെള്ളം നൽകാം എന്ന പരിപാടി ആരംഭിച്ചത്. മടവൂർ ഗവ: എൽപി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കിളികൾക്ക‌് വെള്ളം കുടിക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത‌്.വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം പാത്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മതിലിന്റെ മുകളിലും മരച്ചില്ലകളിലൊക്കെയും പക്ഷിപാത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇതിനായി ചുമതല നൽകിയാൽ വരുംതലമുറക്ക് ഇതിലൂടെ പക്ഷി നിരീക്ഷണസ്വഭാവം കൈവരുമെന്നും വീടുകളിലും ഇത്തരം പാത്രങ്ങൾ ക്രമീകരിക്കാവുന്നതാണെന്നും ഹെഡ്മാസ്റ്റർ ഇക്ബാൽ പറഞ്ഞു. അന്തരീക്ഷത്തിൽ ചൂട‌് കൂടിയത‌് പക്ഷികളെയാണ‌് സാരമായി ബാധിച്ചിരിക്കുകയാണ്. പക്ഷികളുടെ ജലലഭ്യത കുറഞ്ഞതോടെ പക്ഷികൾ വെള്ളമുള്ള സ്ഥലങ്ങൾ തേടിപ്പോകുകയാണ‌്. നിലവിൽ നമ്മുടെ തൊടികളിൽ ഉപയോഗശൂന്യമായ പാത്രങ്ങളിലോ ചെറുചട്ടികളിലോ വെള്ളം നിറച്ച് ഒരുസ്ഥലത്ത് തന്നെ വച്ചാൽ അവിടേക്ക് കിളികൾ താനേ എത്തിക്കൊള്ളും.മൂന്ന് ദിവസം കൂടുമ്പോൾ എങ്കിലും പാത്രത്തിലെ വെള്ളം മാറ്റുകയും പാത്രം വൃത്തിയാക്കുകയും ചെയ്യണമെന്ന് പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശിവദാസൻ അറിയിച്ചു.