രാത്രി റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ രാവിലെ കുളത്തിൽ

പൂവച്ചൽ : ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയെ രാവിലെ കുളത്തിൽ കണ്ടെത്തി. കാട്ടാക്കട പൂവച്ചൽ മരുതംമൂട് പുത്തൻ വീട്ടിൽ ലത്തീഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആണ് ഇന്നലെ പുലർച്ചെ കുളത്തിൽ തള്ളിയെന്നു സംശയിക്കുന്നത്. ബുധനാഴ്ച രാത്രി 11.50ന് ഓട്ടം അവസാനിപ്പിച്ച ലത്തീഫ് പൂവച്ചൽ ജംഗ്ഷന് സമീപം വാഹനം നിർത്തി. ഓട്ടോയ്ക്കു സമീപം തന്നെ ഉറങ്ങി പുലർച്ചെ 4 മണിക്ക് ഉണർന്നപ്പോൾ ഓട്ടോറിക്ഷ കാണാനില്ല.തുടർന്നുള്ള അന്വേഷണത്തിലാണ് 100 മീറ്റർ അകലെയുള്ള മണിയൻചിറ കുളത്തിൽ കാണപ്പെട്ടതെന്നു ലത്തീഫിന്റെ പരാതിയിൽ പറയുന്നു. നിർത്തിയിട്ട ഓട്ടോയ്ക്ക് സമീപം ഉറങ്ങിയ ഡ്രൈവർ അറിയാതെ ഓട്ടോറിക്ഷ എങ്ങനെ കുളത്തിലെത്തിയെന്നുള്ള അന്വേഷണത്തിലാണെന്നും അക്രമികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പോലീസ് പറഞ്ഞു. പൂവച്ചൽ സ്വദേശി നാസറിന്റെയാണ് ഓട്ടോറിക്ഷ.