ആലംകോട്ട് സ്വകാര്യ വ്യക്തി തോട് അടച്ച് നടത്തിയ നിർമ്മാണം നഗരസഭ പൊളിച്ചുനീക്കി

ആലംകോട് 1-ാം വാർഡിൽ സ്വകാര്യ വ്യക്തി തോട് അടച്ച് അനധികൃത നിർമ്മാണം നടത്തിയതും നാട്ടുകാരുടെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റി. കാലങ്ങളായി പരമ്പരാഗത തോട് കൈയ്യേറി ഇവർ അനധികൃത നിർമ്മാണം നടത്തിയിരുന്നതെന്നാണ് പരാതി ഉയർന്നത്. ശക്തമായ മഴയിൽ തോടിലൂടെ പാഞ്ഞെത്തിയ മഴവെള്ളം തൊട്ടടുത്ത പത്തോളം വീടുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു. അന്വേഷണ സംഘത്തോടൊപ്പം എത്തിയ ചെയർമാനോട് ഇയാൾ കയർക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് സ്ഥിരമായി ആണി വയ്ക്കുന്ന ചിലർ ഇവരുടെ പിന്നിൽ ഉണ്ടെന്ന് ചെയർമാൻ പറഞ്ഞു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു.