കടയ്ക്കാവൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം, ഒരാൾ കൊല്ലപ്പെട്ടു : പ്രതി പിടിയിൽ

കടയ്ക്കാവൂർ : മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ.

കടയ്ക്കാവൂർ സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. നവംബർ 18ന് രാത്രിയിൽ കടയ്ക്കാവൂർ ഊരാങ്കുടി ക്ഷേത്രത്തിനു സമീപം ആയിരുന്നു സംഭവം. രാജേഷും കടയ്ക്കാവൂർ സബ്ട്രഷറിക്ക് സമീപം താമസിക്കുന്ന സുഹൃത്ത് തൊമ്മൻ അനി എന്ന് വിളിക്കുന്ന അഭിലാഷും മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് രാജേഷിന്റെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് ഇരുവരും ചീത്തവിളിക്കുകയും തുടർന്ന് അഭിലാഷ് കല്ലുകൊണ്ട് രാജേഷിനെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ കടയ്ക്കാവൂർ സിഐ ശിവകുമാർ, എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, നസീറുദ്ദീൻ, മനോഹർ,മാഹീൻ, പോലീസുകാരായ ജോതിഷ്, ബിനോജ്, സന്തോഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു