പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ‘ഗ്രാമിക’ പദ്ധതിക്കു തുടക്കമായി

 

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഗ്രാമിക’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നു. വനിതകൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മംഗലപുരം, പോത്തൻകോട്, കഠിനംകുളം, അഴൂർ, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തുകളിലെ 500 കുടുംബങ്ങൾക്ക് ജീവനോപാധി കണ്ടെത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു. പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, മത്സ്യക്കുളം എന്നിവയുടെ നിർമാണത്തിനും തീറ്റപ്പുൽകൃഷി ചെയ്യുന്നതിനുമുള്ള ധനഹായം ബാങ്കുകളിലൂടെ ലഭ്യമാക്കും. പശു, ആട് കോഴി എന്നിവ വാങ്ങുന്നതിന് ലോൺ സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

വിധവകൾ, വികലാംഗർ, എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ടവർ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ എന്നിവർക്കു പദ്ധതിയിൽ മുൻഗണന ലഭിക്കും. അപേക്ഷകൾ സെപ്റ്റംബർ 25നു മുൻപ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ലഭിക്കും.