മൊബൈൽ കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പോത്തൻകോട് പോലീസ് പിടികൂടി

 

പോത്തൻകോട് : പോത്തൻകോട് പുതുതായി പ്രവർത്തനം ആരംഭിച്ച മൊബൈൽ ഷോപ്പിന്റെ പൂട്ട് തകർത്ത് കടയ്ക്ക് അകത്തുണ്ടായിരുന്ന നാല് സ്മാർട്ട്ഫോണുകളും 1500 രൂപയും മോഷണം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. അയിരൂപ്പാറ ഇലങ്കത്തറ എം.എസ് ഭവനിൽ മണികണ്ഠൻ ആശാരിയുടെ മകൻ അനന്തു (21) ആണ് അറസ്റ്റിലായത്.കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

read more at www.attingalvartha.com

സെപ്റ്റംബർ 22ന് മൊബൈൽ കടയിലെത്തിയ ബൈക്കിലെത്തിയ അനന്തു ഇരുമ്പ് കമ്പി ഉപയോഗിച്ച് പൂട്ടുപൊളിച്ച് അകത്തുകടന്ന ശേഷം മോഷണം നടത്തുകയും കടയ്ക്ക് അകത്ത് സ്ഥാപിച്ചിരുന്ന സിസിടിവി പൊട്ടിച്ചെടുത്ത് കൊണ്ടുപോകുകയും ചെയ്തിരുന്നു. തുടർന്ന് മൊബൈൽ ഫോൺ പോത്തൻകോട്ടെ മൊബൈൽ ഷോപ്പിൽ കൊണ്ട് പോയി സിം ഇട്ട് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. 4 ഫോണിൽ ഒരെണ്ണം പ്രതി എടുത്തശേഷം മറ്റു മൂന്ന് ഫോണുകൾ തൻറെ സുഹൃത്തായ പെൺകുട്ടിക്കും സഹോദരിക്കും അമ്മയ്ക്കും കൊടുക്കുകയായിരുന്നു. ഇവർക്കും അനന്തു തന്നെയാണ് പുതിയ സിം എടുത്തു നൽകിയത്. മൊബൈൽ ഷോപ്പിൽ നിന്നും നഷ്ടപ്പെട്ട മുഴുവൻ സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ മാസം ആദ്യം കൊട്ടാരത്തിനടുത്തുള്ള വില്ല പ്രൊജക്റ്റിൽ കയറി വയറിങ് കേബിളുകളും പുട്ടി മിക്സിങ് മെഷീനും മോഷണം ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായ അനന്തു.കൊട്ടാരം ഭാഗത്തെ വില്ലകളിൽ കയറി വയറും മറ്റു മോഷ്ടിച്ചത് അനന്തു കൂട്ടുകാരൻ അഖിലും ആണ്. വയറുകൾ അഖിലും മുറിച്ചെടുത്ത വയറുകൾ കരിച്ച് കോപ്പർ ഭാഗം പോത്തൻകോട് പാത്രക്കടയിലും പുട്ടി മിക്സിങ് മെഷീൻ പോത്തൻകോട് ആക്രിക്കടയിലും കൊടുത്ത് പൈസ വാങ്ങിയത് അനന്തുവുമാണ്.മെഷീനും കോപ്പർ വയറുകളും പോലീസ് കണ്ടെടുത്തു. കേസിൽ രണ്ടാം പ്രതി അഖിലിനെ ദിവസങ്ങൾക്കു മുമ്പ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പോത്തൻകോട് എസ്.എച്ച്. ഒ ശ്യാം, എസ്. ഐ വിനോദ് വിക്രമാദിത്യൻ, ജിഎസ്ഐ ഷാബു, സിപിഒമാരായ അപ്പു, ദിനീഷ്, മോഹൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.